തിരുവനന്തപുരം: ജർമനിയിലെ ബോഹുമിൽ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു.
ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലായിരിക്കും മൃതുദേഹങ്ങൾ കൊണ്ടുവരിക.കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിന് ജോണി (26), ഇടുക്കി ഇരട്ടയാര് സ്വദേശി നോവ സാബു (25) എന്നിവരാണ് തീപിടിത്തത്തില് മരിച്ചത്.
എയർ ഇന്ത്യ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന്റെ ലഭ്യതകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ജർമന് പൊലീസിൽ നിന്നുള്ള മരണ സർട്ടിഫിക്കറ്റ്, തീപിടിത്തത്തിൽ പുക ശ്വസിച്ചതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നുമുള്ള രേഖകൾ, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുളള സിവിൽ രജിസ്ട്രേഷൻ ഓഫിസിന്റെ അനുമതി എന്നിവ ലഭ്യമായിട്ടുണ്ട്.
മരണപ്പെട്ടവരുടെ പാസ്പോർട്ടുകൾ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസ് പകരം രേഖ അനുവദിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറൽ ഏജൻസി ഇന്ത്യൻ കോൺസുലേറ്റിൽ സമർപ്പിച്ച അപേക്ഷയിൽ എൻ.ഒ.സി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകളും നൽകിയിട്ടുണ്ട്.മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടി ക്രമങ്ങളും ഏകോപിപ്പിക്കാനും ഇതിനാവശ്യമായ ചെലവ് വഹിക്കുവാനും നോർക്ക റൂട്ട്സിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി.
ദുരന്തവാർത്ത അറിഞ്ഞതു മുതൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസ്, ജർമനിയിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരികയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യങ്ങളിൽ വേണ്ട സഹായം നൽകുന്നുണ്ട്.
