Site icon Fourteen Kerala – 14 Kerala News

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

ഡല്‍ഹി: പൊലീസ് അതിക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടത്തിയ എന്‍എസ്‌യുഐ പ്രവര്‍ത്തകരെ 9 മണിക്കൂറിന് ശേഷം കസ്റ്റഡിയിലെടുത്ത് പൊലീസ്. ഡല്‍ഹി പൊലീസിനെതിരെ പരാതി നല്‍കിയ ആതിര, ജെബി മേത്തര്‍ എംപി അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ നാലരക്കാണ് പൊലീസ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണയിരുന്ന പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.

പൊലീസിന്റെ മര്‍ദനത്തിന് ഇരയായ മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്യുഐ ധര്‍ണ ഇന്നലെ രാത്രി ധര്‍ണ നടത്തിയിരുന്നു. എന്‍എസ്യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കറിന് ഒപ്പം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കേസെടുക്കാത്ത ഡല്‍ഹി പൊലീസിനെ ആതിര ശക്തമായി വിമര്‍ശിച്ചു.

സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴച്ച് ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുന്ന നിലയുമുണ്ടായി. ഇതിനിടെ പൊലീസുകാരല്ലാത്ത ചിലര്‍ സംഘടിച്ചെത്തി എന്‍എസ്യുഐ പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ ക്യാമറയില്‍ പതിഞ്ഞു. ഈ സംഘത്തിലെ ചിലര്‍ പൊലീസിനേയും മര്‍ദിച്ചു. പൊലീസിനെ മര്‍ദിച്ച ആരും എന്‍എസ്യുഐ പ്രവര്‍ത്തകരല്ലെന്ന് നേതാക്കള്‍ പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എന്‍എസ്യുഐ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിലാണ് ആതിര ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റത്. വിദ്യാര്‍ഥികളെ ഉപദ്രവിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ ഇടാതെ സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആതിര ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷന് മുന്നിലുള്ള നടുറോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്‍ദിച്ചെന്നും, വനിതാ പൊലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചെന്നും, മര്‍ദനത്തില്‍ വലത് ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടെന്നുമാണ് ആതിരയുടെ പരാതി.

Exit mobile version