കൊച്ചി: മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം തീവെയ്പിന് പിന്നിലും ജൂത സിനഗോഗിന് തീയിട്ട എബിൻ പോൾ. പ്രതി കുറ്റം സമ്മതിച്ചു. മാർച്ച് 18 ന് നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മാർച്ച് 18നായിരുന്നു കാർ ഷോറൂം ആക്രമണം. എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്ക് മുൻപിൽ തീവെപ്പ് ഉണ്ടായത് തിങ്കളാഴ്ച പുലർച്ചയാണ്. എബിൻ പോൾ കാറിൽ വന്ന് പെട്രോൾ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു.
സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുകയാണ് പൊലീസ്. പ്രതി തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിൽ ചാറ്റ് നടത്തിയിട്ടുണ്ട്. ബോസ് എന്ന ടെലഗ്രാമിലെ അക്കൗണ്ട് ഇയാളെ നിയന്ത്രിച്ചിരുന്നു. ക്രിപ്റ്റോ കറൻസി വഴി 2 ലക്ഷം രൂപ ആക്രമണത്തിനുശേഷം കൈപ്പറ്റിയെന്നും പോലീസ് കണ്ടെത്തി. പുത്തൻ കുരിശിലെ എബിൻ താമസിച്ച സ്ഥലത്തുനിന്ന് സിന്തറ്റിക് ലഹരികൾ കണ്ടെത്തി.
കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് എറണാകുളം ഡിസിപി അരുൺ കെ പവിത്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. തീവെപ്പ് സമയത്ത് സിനഗോഗിന് മുന്നിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുവെന്ന് ഡിസിപി അറയിച്ചു. എബിൻ പോളിനെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും എൻഐഎയും ചോദ്യം ചെയ്തു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
