Site icon Fourteen Kerala – 14 Kerala News

പന്തീരാങ്കാവിൽ എസ്.ഐയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്കൂട്ടർ പരിശോധിക്കാൻ ഒരുങ്ങിയ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഫറൂഖ് കോളേജിന് സമീപം പള്ളിമീത്തൽ സ്വദേശി അന്താൻതോട്ടത്തിൽ വീട്ടിൽ മുഹമ്മദ് അനസ് (24) നെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തീരാങ്കാവ് കിങ് ബാറിന് സമീപം ഡ്യൂട്ടിയിലായിരുന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിനോദിന് നേരെയാണ് കൈയേറ്റമുണ്ടായത്.

തൂഫാൻ ഡ്രൈവിന്റെ ഭാഗമായി എസ്.ഐയും സംഘവും സ്ഥലത്ത് എത്തിയപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിന് മുകളിൽ ഇരിക്കുകയായിരുന്നു അനസ്. വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ “എന്റെ കൂട്ടുകാരന്റെ വണ്ടിയാണ്, വേണമെങ്കിൽ അവനോട് ചോദിച്ചോ” എന്ന് മറുപടി പറഞ്ഞു. തുടർന്ന് വാഹനം പരിശോധിക്കാൻ ഒരുങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ അനസ് അശ്ലീല ഭാഷയിൽ അസഭ്യം പറയുകയും യൂണിഫോമിൽ പിടിച്ചുവലിച്ച് ആക്രമിക്കുകയുമായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് പോലീസുകാർ അനസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version