കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന 68-ാമത് കേരള സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന ഈ കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
കായികതാരങ്ങൾ, ടീം മാനേജർമാർ, ഒഫീഷ്യൽസ്, സംഘാടകർ എന്നിവരടക്കം പതിനയ്യായിരത്തോളം പേർ മേളയുടെ ഭാഗമാകും. മേള വിജയകരമാക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കോഴിക്കോട് ജില്ല.
മേളയ്ക്കായി ആകെ 10 മത്സരവേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒക്ടോബർ 25-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ 4,000 കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെ മത്സരങ്ങൾക്ക് തുടക്കമാകും. 3,000 കുട്ടികൾ പങ്കെടുക്കുന്ന വർണാഭമായ സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടും.
