Site icon Fourteen Kerala – 14 Kerala News

ബ്രേക്ക് പോയതല്ല, അമിതവേഗമാണ് വില്ലൻ’; ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി പൊലീസ്

കോട്ടയം: കോട്ടയം ചന്തക്കവലയിലുണ്ടായ ബസപകടത്തിനു കാരണം ബ്രേക്ക് നഷ്ടപ്പെട്ടതെന്ന ഡ്രൈവറുടെ വാദം തള്ളി പൊലീസ്. ബസിന്റെ ബ്രേക്കിനു തകരാറുണ്ടായിരുന്നില്ലെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി.

18കാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം അമിതവേഗമെന്ന് പൊലീസ് പറയുന്നു. ഡ്രൈവറെയും കണ്ടക്ടറെയും ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.

നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) അപകടത്തില്‍ മരിച്ചത്. മറ്റ് നാലു സ്ത്രീകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു. മറ്റൊരാളുടെ ഇടതുകാലിനും കഴുത്തിനും ഒടിവുണ്ട്.പരുക്കേറ്റ ഇത്തിത്താനം സുഭാഷ്ഭവനിൽ ശ്രീകുമാരി (54) മെഡിക്കൽ കോളജ് ആശുപത്രിയിലും മറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) കാരിത്താസ് ആശുപത്രിയിലും കൊല്ലാട് കലേഷ്ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി എ.കെ.സുനി (46) എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

അപകടത്തിൽ പരുക്കേറ്റ അനുമോൾ സുരേഷ് ചന്തക്കവലയ്ക്കു സമീപത്തെ ഗോൾഡ് കവറിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ്. എ.കെ.സുനി ചന്തക്കവലയിലെ സ്വകാര്യ ഹോൾസെയിൽ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

ശ്രീകുമാരി ഏറ്റുമാനൂർ കുടുംബ കോടതിയിലെ ജീവനക്കാരിയാണ്. ജയ ചന്തക്കവലയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ്.അതേസമയം സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേട്ടാണ് സ്ഥലത്തേക്ക് ഓടിയെത്തിയതെന്നും മിന്നലേറ്റെന്നാണ് ആദ്യം കരുതിയതെന്നും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയവര്‍ പറയുന്നു.സമീപത്തെ കടകളിൽ ജോലി ചെയ്യുന്നവർ ഇവിടെ നിന്നാണ് ബസ് കയറി തിരുനക്കര സ്റ്റാൻഡിലേക്കും നാഗമ്പടം സ്റ്റാൻഡിലേക്കും പോകുന്നത്. വിദ്യാർഥികളും ഇവിടെ കൂട്ടമായി നിൽക്കുന്നത് പതിവാണ്. മഴ കാരണമാണ് പലരും സമീപത്തെ കടകളോടു ചേർന്ന് നിലയുറപ്പിച്ചത്. ഇതാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് സമീപത്തെ കടകളിലെ ജീവനക്കാര്‍ പറയുന്നു.

ഈ ഭാഗങ്ങളില്‍ സ്വകാര്യബസുകള്‍ അപകടമുണ്ടാക്കുന്നത് പതിവാണെന്നും ഇവര്‍ പറയുന്നു. ഇന്നലെ അപകടം നടന്ന ചന്തക്കവല ബസ് സ്റ്റോപ്പിലെ പ്രശ്നങ്ങളെക്കുറിച്ച് മുൻപും പരാതി ഉയര്‍ന്നിട്ടുണ്ട്. കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ വെയിലും മഴയുമേറ്റ് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു.

Exit mobile version