Site icon Fourteen Kerala – 14 Kerala News

അതിദാരുണം! കഴുത്തുവേദനയ്ക്ക് ഇലക്ട്രിക് ഹോട്ട് ബാഗ് വെച്ച് ഉറങ്ങി; ഷോക്കേറ്റ് ഐ.ടി എഞ്ചിനീയർക്ക് ദാരുണാന്ത്യം

പൂനെ: കഴുത്തുവേദനയ്ക്ക് ആശ്വാസം ലഭിക്കാനായി ഇലക്ട്രിക് ഹോട്ട് വാട്ടർ ബാഗ് കഴുത്തിൽ വെച്ച് ഉറങ്ങിയ യുവാവിന് ദാരുണാന്ത്യം. വൈദ്യുതാഘാതമേറ്റ് 30-കാരനായ ഐ.ടി എഞ്ചിനീയറാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിൽ വഡ്ഗാവ് ഷേരിയിലെ സോംനാഥ് നഗർ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൂനെയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ റോഹൻ കുബാഡിയാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി സോംനാഥ് നഗറിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവിവാഹിതനായ റോഹൻ. രണ്ടു ദിവസമായി മുറി തുറക്കാതിരിക്കുകയും പുറത്തുകാണാതിരിക്കുകയും ചെയ്തതോടെ അയൽക്കാർക്കും വീട്ടുടമസ്ഥനും സംശയം തോന്നി. തുടർന്ന് ഫോണിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ അപ്പാർട്ട്മെന്റിൽ നിന്നും കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഉടമസ്ഥൻ വിവരമറിയിച്ചതനുസരിച്ച് ചന്ദൻ നഗർ പോലീസ് സ്ഥലത്തെത്തി മുറി തുറക്കുകയായിരുന്നു.

കട്ടിലിൽ ജീർണിച്ച അവസ്ഥയിലാണ് റോഹന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് താഴെയായി ഇലക്ട്രിക് ഹോട്ട് ബാഗ് വെച്ച നിലയിലായിരുന്നു. ഉറക്കത്തിനിടെ ഇലക്ട്രിക് ഹോട്ട് ബാഗിൽ നിന്നും അപ്രതീക്ഷിതമായി ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണപ്പെട്ടിട്ട് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്നാണ് അനുമാനം. സംഭവത്തിൽ ചന്ദൻ നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version