ബിജെപി കൗൺസിലർ R സുഗതന്റെ കാപ്പ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആദ്യം മുതൽ ബിജെപി പറഞ്ഞതാണ് സുഗതനെ എതിരായകേസ് ഫേക്ക് എന്ന്. ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി ചീഫ് ഇലക്ഷൻ കമ്മീഷനെ വേട്ടയാടുന്നു. അന്നത്തെ മന്ത്രിക്കെതിരെ അന്വേഷണമില്ല. ആഭ്യന്തരവകുപ്പ് ജനങ്ങളെ പൊട്ടൻ ആക്കുന്നു. സിപിഎം കഴിഞ്ഞ 10 വർഷം ചെയ്തതാണ് ഇന്ന് കോൺഗ്രസ് ചെയ്യുന്നത്. എൽഡിഎഫ് യുഡിഎഫും രണ്ടല്ല ഒന്നാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ നിയമപ്രകാരം തടങ്കൽ ഏർപ്പെടുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
വിധിയോടെ സുഗതന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങാം. വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള ആർ. സുഗതനെതിരെ വിവിധ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം, വീട് കയറി ആക്രമണം നടത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവങ്ങൾ, യുവാവിനെ ആക്രമിച്ച കേസ് എന്നിവയടക്കം കേസുകൾ ഇയാൾക്കെതിരെയുണ്ട്.
നിരവധി കേസുകൾ നിലനിൽക്കവെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സുഗതനെ വാഴോട്ടുകോണത്തുനിന്ന് മത്സരിപ്പിച്ച് വിജയിപ്പിച്ചത്. ജയിലിൽ കഴിയവെ അടുത്തിടെ ഹൈക്കോടതി അനുമതിയോടെ വിയ്യൂർ ജയിലിൽ വെച്ചാണ് സുഗതൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത്.
