Site icon Fourteen Kerala – 14 Kerala News

അയൽവാസിയായ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ക്രൂര പീഡനം; പ്രതിക്ക് 47 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: പതിനഞ്ചുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയായ ദാസ് ആന്റണിയെ (43) ശിക്ഷിച്ചത്. പിഴത്തുക ഒടുക്കാത്ത പക്ഷം മൂന്നു വർഷവും മൂന്ന് മാസവും കൂടി കൂടുതൽ തടവനുഭവിക്കണം.

2025 മെയ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ടായിരുന്നു പ്രതി പീഡനത്തിനിരയാക്കിയത്. സംഭവത്തെത്തുടർന്ന് കടുത്ത മാനസിക ആഘാതത്തിലായ കുട്ടി ഭയം കാരണം വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് അയൽവാസിയുടെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടും കുട്ടി പോകാൻ തയ്യാറാകാതിരുന്നതോടെയാണ് ദുരൂഹത തോന്നിയ വീട്ടുകാരുമായി കാര്യങ്ങൾ സംസാരിച്ചത്.

തുടർന്ന് പീഡനവിവരം പുറത്തറിയുകയും കുട്ടിയുടെ അമ്മ വലിയതുറ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർമാരായ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. പി. സുരഭി എന്നിവർ ഹാജരായി. വലിയതുറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആർ. പ്രകാശ്, എസ്. അരുൺ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും 3 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Exit mobile version