Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ 40 ലക്ഷം കൈമാറി എംഎൽഎ; കേരളത്തിൽ ഇതാദ്യം

കോഴിക്കോട് : കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ എംഎൽഎ ഫണ്ടിൽ നിന്ന് തുക കൈമാറി കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺകുമാർ. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കെഎസ്ആർടിസിക്കു ബസ് വാങ്ങാൻ ഒരു എംഎൽഎ ഫണ്ട് വകയിരുത്തുന്നത്. ഇതിനുളള നിർദേശ പത്രം കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിക്ക് എംഎൽഎ കൈമാറി.

കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ബസ് വാങ്ങാൻ 40 ലക്ഷം രൂപയുടെ നിർദേശമാണ് കൈമാറിയത്. ജനപ്രതിനിധികളുമായി ആലോചിച്ച് ബസിന്റെ റൂട്ട് തീരുമാനിക്കുമെന്ന് കെ. പ്രവീൺകുമാർ പറഞ്ഞു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപഴ്സൻ യു.കെ. ചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കെഎസ്ആർടിസി ബസ് നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ബസ് വാങ്ങി നൽകാൻ സർക്കാർ കഴിഞ്ഞ മാസമാണ് പ്രത്യേകാനുമതി നൽകിയത്. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു എംഎൽഎക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാനാണ് അനുമതി നൽകിയത്.വാങ്ങുന്ന ബസുകളുടെ സീറ്റുകളുടെ എണ്ണം, ഇന്ധന വിഭാഗം എന്നിവ കെഎസ്‌ആർടിസി സിഎംഡി ആലോചിച്ചാകും തീരുമാനിക്കുക. താൽപര്യമുള്ള ജനപ്രതിനിധികൾ വിഹിതം അനുവദിച്ചുള്ള നിർദേശം ഒക്ടോബർ 15 ന് അകം ജില്ല കലക്ടർമാർക്ക് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ഏത് വിഭാഗത്തിലും ഈ ബസുകൾ വിന്യസിക്കാൻ കെഎസ്‌ആർടിസിക്ക് അധികാരമുണ്ടായിരിക്കും. ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ പൂർണമായി കെഎസ്‌ആർടിസി തന്നെ വഹിക്കും. ബസുകളുടെ റൂട്ടും സർവീസും നിശ്ചയിക്കുമ്പോൾ അതത് എംഎൽഎമാരുമായി കൂടിയാലോചിച്ച് മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Exit mobile version