ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ഒരു ജിമ്മിൽ യുവതികളുടെ ദൃശ്യങ്ങൾ പകർത്താൻ രഹസ്യ ക്യാമറകൾ വച്ചതായി പരാതി. ജിമ്മിലെത്തുന്ന പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്തു ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതായി സ്ത്രീയുടെ പരാതിയിൽ പൊലീസ് ജിം മാനേജർ അമിൻ മുൾട്ടാനിയെ അറസ്റ്റ് ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ജിമ്മിൽ നടത്തിയ റെയ്ഡിൽ പെൻ ഡ്രൈവ്, ബ്ലാങ്ക് ചെക്കുകൾ, റജിസ്റ്ററുകൾ തുടങ്ങിയ വസ്തുക്കൾ പിടിച്ചെടുത്തു. സുരേന്ദ്രനഗറിലെ ദുധ്രേജ് റോഡിലും 80 ഫീറ്റ് റോഡിലും പ്രവർത്തിക്കുന്ന രണ്ട് ജിമ്മുകളിലാണ് പരിശോധന നടന്നത്.നഗരത്തിൽ നിന്നുള്ള നിരവധി പെൺകുട്ടികൾ ഇവിടെ വരുന്നുണ്ട്. ജിമ്മിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പൊലീസിനു ലഭിച്ച കത്താണ് അന്വേഷണത്തിനു കാരണമായത്.
വസ്ത്രം മാറുന്ന മുറിയിൽ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ ശേഷം പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നാണ് സ്ത്രീ കത്തിലൂടെ ആരോപിച്ചത്.പരാതിയെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വേഷം മാറി ജിമ്മിലെത്തി റെയ്ഡ് നടത്തി. ഇവിടെനിന്നും പിടിച്ചെടുത്ത പെൻഡ്രൈവിൽ സ്ത്രീകളുടെ ഫോട്ടോകളും വിഡിയോകളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കൂടുതൽ പരിശോധനയ്ക്കായി പെൻഡ്രൈവ് ഫൊറൻസിക് ലാബിനു കൈമാറി. എന്നാൽ പരിശോധനയിൽ ജിമ്മിൽ ക്യാമറകൾ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
