Site icon Fourteen Kerala – 14 Kerala News

യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന് നേതാക്കൾ തന്നെ പറയുന്നു; സതീശൻ സംഘപരിവാർ സ്പോൺസേർഡ് മുഖ്യമന്ത്രി’ – കടന്നാക്രമിച്ച് എം.വി. ഗോവിന്ദൻ

പാലക്കാട്: യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് കൺവീനർ തന്നെ പരാതി പറയുന്ന സാഹചര്യമാണ് ഉള്ളതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

വലിയ വിഭാഗം നേതാക്കൾ അടൂർ പ്രകാശിന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണെന്നും വളരെ ചെറിയൊരു വിഭാഗം മാത്രമാണ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിൽ വലിയ വിഭജനം കോൺഗ്രസിൽ സംഭവിച്ചുകഴിഞ്ഞു.
യുഡിഎഫിൽ കൂടിയാലോചനകൾ ഇല്ലെന്ന് നേതാക്കൾ തന്നെ പറയുന്നു. എന്നാൽ എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട്. അപ്പോൾ കൂടിയാലോചനകൾ ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന് വളരെ വ്യക്തമായിട്ടുണ്ട്.

കാര്യങ്ങൾ ഓരോന്നായി പരിശോധിക്കുമ്പോൾ മുഖ്യമന്ത്രി ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് ബിജെപി അനുകൂല നിലപാടാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. കേരളത്തിന്റെ മുഖ്യമന്ത്രി ആർഎസ്എസ്-സംഘപരിവാർ വിഭാഗത്തിന്റെ സ്പോൺസേർഡ് സംവിധാനമായി മാറിയിരിക്കുകയാണ്.

ആർഎസ്എസും ബിജെപിയും പറയുന്നതിന് പുറത്ത് കടക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ വി.ഡി. സതീശന് സാധിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കാര്യങ്ങൾ കോൺഗ്രസിലോ യുഡിഎഫിലോ ആലോചിക്കുന്നില്ല. എന്നാൽ എല്ലാ കാര്യങ്ങളും ആർഎസ്എസുമായും ബിജെപിയുമായും ആലോചിക്കുന്നുണ്ട്.

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും യുവമോർച്ചയും ആർഎസ്എസുകാരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഒരേ പൊലീസ് സ്റ്റേഷനിൽ ഒരേ സമയത്ത് നടന്ന ഈ രണ്ട് സംഭവങ്ങളിൽ ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും ജാമ്യം കിട്ടുന്ന കേസും ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം കിട്ടാത്ത കേസുമാണ് പൊലീസ് എടുത്തത്.ഇതൊക്കെ കേരളം കാണുന്നുണ്ട് എന്ന കാര്യം വി.ഡി. സതീശനും ആഭ്യന്തരവകുപ്പ് മന്ത്രി വി.ഡി. സതീശനും മനസ്സിലാക്കേണ്ടതാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

ആർഎസ്എസിന് പൂർണ്ണമായി കീഴടങ്ങുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ എങ്കിൽ അതിന് കീഴടങ്ങുക മാത്രമല്ല, ഇഴയുകയാണ് മുസ്‌ലിം ലീഗും എന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. സർക്കാർ വാഹനം തടഞ്ഞപ്പോൾ കെ.എം. ഷാജി അതിൽ നിന്ന് ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി.അതും തടഞ്ഞപ്പോൾ ഇറങ്ങി നടന്നു. അത് സ്വന്തം പിശകാണെന്നും കേസ് വേണ്ടെന്നുമാണ് കെ.എം. ഷാജി പറഞ്ഞത്. സംഭവിച്ചത് അസമയത്താണെന്നാണ് പറയുന്നത്. തന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമായി ഏത് സമയത്തും പ്രവർത്തിക്കേണ്ടവരല്ലേ മന്ത്രിമാരും പൊതുപ്രവർത്തകരുമെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു.
ഇത്രയൊക്കെ സംഭവിച്ചിട്ടും തനിക്ക് പരാതിയില്ല എന്ന് പറയുന്നത് ആർഎസ്എസ്-സംഘപരിവാറിന് മുന്നിലുള്ള കീഴടങ്ങലാണ്. കുട്ടികളുടെ തലയ്ക്ക് അടിക്കുന്ന ആളാണ് മന്ത്രി ഒ.ജെ. ജനീഷെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

Exit mobile version