Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകൾക്ക് വലിയ തോതിൽ വിലക്കയറ്റമുണ്ടായിട്ടും അത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും ശൈലജ കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ മികവ് നിലനിർത്തണമെങ്കിൽ തുടർച്ചയായി ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ശൈലജ ഓർമിപ്പിച്ചു.

ആശുപത്രികളിലെ മരുന്ന് സംഭരണം കാര്യക്ഷമമാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (കെ എം എസ് സി എൽ) തലപ്പത്ത് കഴിവുറ്റ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു. കെ എം എസ് സി എൽ ഡിപ്പോകളിൽ നിന്ന് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ പോലും ഇതുവരെ മാറ്റിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.

ആരോഗ്യമേഖലയിൽ കോർപ്പറേറ്റുകൾ വലിയ തോതിൽ കടന്നുവരികയാണ്. സർക്കാർ ഒഴിവുകഴിവുകൾ പറഞ്ഞിട്ട് കാര്യമില്ലെന്നും അടിയന്തരമായി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട ശൈലജ, ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വെറുതെ പറയാനൊക്കെ എളുപ്പമാണെന്നും എന്നാൽ കാര്യങ്ങൾ ചെയ്തു കാണിക്കാനാണ് പ്രയാസമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Exit mobile version