കോഴിക്കോട്: മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ, അദ്ദേഹത്തിന്റെ സിനിമാ റിവ്യൂ ശൈലി അനുകരിച്ച് കേരള പൊലീസ് പങ്കുവെച്ച ബോധവൽക്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് നടക്കാവ് എരഞ്ഞിപ്പാലത്തിന് സമീപം വച്ച് അശ്വന്ത് കോക്ക് ഓടിച്ചിരുന്ന വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്നാണ് പൊലീസ് നടപടി.
നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’ എന്ന പേരിൽ കേരള പൊലീസ് ഔദ്യോഗിക പേജിൽ ട്രോൾ രൂപത്തിലുള്ള വേറിട്ട ബോധവൽക്കരണ പോസ്റ്റ് പങ്കുവെച്ചത്.
