Site icon Fourteen Kerala – 14 Kerala News

അമ്മയുടെ പേഴ്സിൽ നിന്ന് തോക്കെടുത്ത് കളിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റു; ഫ്ലോറിഡയിൽ നാല് വയസുകാരന് ദാരുണാന്ത്യം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നാല് വയസുകാരന് ദാരുണാന്ത്യം. അമ്മയുടെ പേഴ്സിൽ നിന്ന് തോക്കെടുത്ത് കളിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റാണ് കുട്ടി മരിച്ചത്. ഫ്ലോറിഡയിലെ സരസോട്ടയിലാണ് സംഭവം. 29 കാരിയായ ഡയമണ്ട് ഫിലിപ്സിന്റെ മകനാണ് മരിച്ചത്.

അടുക്കള കൗണ്ടറിൽ വെച്ചിരുന്ന പേഴ്സ് എടുക്കാൻ കുട്ടി സ്റ്റൂളിൽ കയറുകയായിരുന്നു. പേഴ്സിനുള്ളിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരുന്ന .380 കാലിബർ സ്മിത്ത് ആൻഡ് വെസൻ പിസ്റ്റൾ കുട്ടിയുടെ കൈയിലകപ്പെടുകയും അബദ്ധത്തിൽ മുഖത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു.
അപകട സമയത്ത് കുട്ടിയുടെ മുത്തശ്ശിയും സഹോദരനും അടുക്കളയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ മാനതേ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്ക് എത്താതിരിക്കാനാണ് പേഴ്സ് കൗണ്ടറിന്റെ മധ്യഭാഗത്ത് വെച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.

എന്നാൽ ലോഡ് ചെയ്ത തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഡയമണ്ട് ഫിലിപ്സിനെതിരെ പൊലീസ് കേസെടുത്തു. നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസ് നവംബർ 6ന് വീണ്ടും പരിഗണിക്കും. വീടുകളിൽ തോക്ക് എത്ര സൂക്ഷ്മതയോടെ സൂക്ഷിക്കണം എന്നതിന് ഉദാഹരണമാണ് ഈ ദുരന്തം.

Exit mobile version