കൊച്ചി: സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് പരാതി. നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അതുല്‍ ടോം ആണ് പരാതി നല്‍കിയത്.
സ്വകാര്യ കാറില്‍ കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് ഉപയോഗിച്ചതും ഔദ്യോഗിക നമ്പര്‍ ഉപയോഗിച്ചതും നിയമവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. ദേശീയ പതാകയും ദേശീയ ചിഹ്നവും കെ എം ഷാജി ദുരുപയോഗം ചെയ്തു.കെ എം ഷാജിയുടെ നടപടി മോട്ടോ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്കി വിരുദ്ധമാണ്. ഉടമ മന്ത്രിക്ക് വാഹനം വിട്ടുനല്‍കിയത് പരസ്പര നേട്ടത്തിന് വേണ്ടിയാണെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ‘കേരള സ്റ്റേറ്റ് 13’ എന്ന ബോര്‍ഡും ദേശീയ ചിഹ്നവും പതിച്ച് കെ എം ഷാജി റേഞ്ച് റോവര്‍ കാറില്‍ സഞ്ചരിച്ചത് വിവാദമായിരുന്നു. ഔദ്യോഗിക വാഹനം തകരാറിലായതിനാല്‍ സുഹൃത്തിന്റെ വാഹനം ഒരു ദിവസത്തേക്ക് ഉപയോഗിച്ചുവെന്നായിരുന്നു വിവാദത്തോട് നേതൃത്വം പ്രതികരിച്ചത്.
എന്നാല്‍ അനുമതിയില്ലാതെ മന്ത്രി മുമ്പും സ്വകാര്യവാഹനം ഉപയോഗിച്ചതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം കാസര്‍കോട്ടെ ഔദ്യോഗിക പരിപാടികള്‍ക്ക് മുസ്ലീം ലീഗ് നേതാവ് സിദ്ദിഖ് പള്ളിപ്പുഴയുടെ ഇന്നോവ ഹൈക്രോസ് കാറാണ് ഉപയോഗിച്ചത്.
ഗസ്റ്റ് ഹൗസില്‍ ടൂറിസം വകുപ്പിന്റെ വാഹനം ഒഴിവുണ്ടായിരിക്കെയായിരുന്നു സ്വകാര്യ വാഹനത്തിലെ മന്ത്രിയുടെ ഔദ്യോഗിക യാത്ര.കഴിഞ്ഞ മാസം 30നായിരുന്നു കാസര്‍കോട് ജില്ലയിലെ മന്ത്രിയുടെ സന്ദര്‍ശനം. ഇതിനായി 29ന് കെ എം ഷാജി കാസര്‍കോട് എത്തി. രണ്ട് ദിവസവും മന്ത്രി ഉപയോഗിച്ചത് മുസ്ലീം ലീഗ് നേതാവ് സിദ്ദിഖ് പള്ളിപ്പുഴയുടെ ഇന്നോവ ഹൈക്രോസ് കാര്‍ ആയിരുന്നു.
