Site icon Fourteen Kerala – 14 Kerala News

നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള്‍ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ നായികയായിരുന്നു. തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്.

ഏറെ വര്‍ഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്നുവെങ്കിലും വെള്ളിത്തിരയില്‍ വളരെ വൈകിയാണ് സാവിത്രി ശ്രീധരന്‍ ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് ചില ചെറിയ വേഷങ്ങളില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നെങ്കിലും സുഡാനി ഫ്രം നൈജീരിയയിലെ ജമീല ഉമ്മ എന്ന കഥാപാത്രത്തിലൂടെയാണ് സാവിത്രി ശ്രീധരന്‍ എന്ന നടി മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയത്. കോഴിക്കോട്ടെ നാടക വേദികളില്‍ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിന്നു സാവിത്രി.

1960കള്‍ മുതലാണ് സാവിത്രി നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയത്. കാരാ യുവജന കലാസമിതിയിലൂടെയാണ് അഭിനയജീവിതത്തിന്റെ തുടക്കം. പിന്നീട് കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളെില്‍ അഭിനയിച്ചു. ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അക്കാലത്ത് ചെയ്തിരുന്ന സാവിത്രിക്ക് സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു. പിന്നീട് എം ടി വാസുദേവന്‍ നായരുടെ കടവ് എന്ന ചിത്രത്തിലൂടെ 1991ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് സുഡാനി ഫ്രം നൈജീരിയയില്‍ എത്തുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടിയിരുന്നു. ഡാകിനി, ക്രിസ്റ്റി, വൈറസ്, പാപ്പന്‍, പട തുടങ്ങിയ ചിത്രങ്ങളിലും സാവിത്രി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Exit mobile version