Site icon Fourteen Kerala – 14 Kerala News

വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവം; മോഷ്ടാക്കൾ പിടിയിൽ

പന്തീരാങ്കാവ് : വയോധികയുടെ സ്വർണമാല ബൈക്കിൽവന്ന് പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതികൾ പോലീസ് പിടിയിലായി. കാസർകോട് നൊക്രാജെ ചെന്നെടുക്ക സ്വദേശി ഇബ്രാഹിം ഖലീൽ (44), മലപ്പുറം മുണ്ടുപറമ്പ് കാവിലക്കുന്ന് മുഹമ്മദ് ദിൽഷാദ് (23)എന്നിവരെയാണ് ഫറോക്ക് അസിസ്റ്റൻറ്് കമ്മിഷണർ എ. പ്രേംജിത്തിന്റെ നോതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും സിറ്റി സ്ക്വാഡും പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്. പന്തീരാങ്കാവ് കൊടൽ നടക്കാവ് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം എളാലത്ത് വിലാസിനി (72)യുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഓഗസ്റ്റ് 30-ന് പ്രതികൾ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. പിടിവലിയിൽ റോഡിൽ വീണ വിലാസിനിക്ക് കൈക്കും കാലിനും പരിക്കേറ്റിരുന്നു.

ഇബ്രാഹിം ഖലീലിനെ കാസർകോട്ടുനിന്നും ദിൽഷാദിനെ മലപ്പുറത്തുവെച്ചുമാണ് പോലീസ് പിടികൂടിയത്. ‘ചായക്കട’ എന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പ്രതികൾ പരിചയപ്പെടുന്നതും മാലപൊട്ടിക്കുന്ന കേസിൽ പങ്കാളികളാകുന്നതുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഒരാഴ്ച മുൻപേ മോഷണം ആസൂത്രണംചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ആരാധനാലയങ്ങളിൽ പോയി മടങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിൽ കറങ്ങുന്നതിനിടെയാണ് ആളൊഴിഞ്ഞ ഈരാട്ടുകുന്നിലെ റോഡിൽവെച്ച് വിലാസിനിയുടെ മാല പൊട്ടിക്കുന്നത്. ഇബ്രാഹിം ഖലീലിന്റെ പേരിൽ സമാനമായ പതിനൊന്ന് കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മാല നഷ്ടപ്പെട്ട വിലാസിനിയുടെ വീട്ടിലും സംഭവംനടന്ന സ്ഥലത്തും എത്തിച്ച് തെളിവെടുത്തു. തുടർന്ന്, കോടതിയിൽ ഹാജരാക്കി.

നല്ലളം ഇൻസ്പെക്ടർ ആർ.സി. ബിജു, പന്തീരാങ്കാവ് പോലീസ് സബ് ഇൻസ്പെക്ടർമാരായ എ. നിധിൻ, അർജുൻഅജിത്, എസ്.സി.പി.ഒ. സി. രതീഷ്, സി.പി.ഒ. ആർ.ബി. ഹരിപ്രസാദ്, ഫറോക്ക് എ.സി.പി. സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. അരുൺകുമാർ മാത്തറ, എസ്.സി.പി.ഒ.മാരായ അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, ഐ.ടി. വിനോദ്, സി.പി.ഒ. മാരായ സുബീഷ് വേങ്ങേരി, അഖിൽബാബു, എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Exit mobile version