കോഴിക്കോട്: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2026 ജൂലൈ 17ന് ആരംഭിച്ച മസ്റ്ററിങ്ങിനായി ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ തുക ലഭിക്കില്ല.
സംസ്ഥാന സർക്കാർ മാറിയ ശേഷം നടക്കുന്ന ആദ്യത്തെ പെൻഷൻ മസ്റ്ററിങ് എന്ന പ്രത്യേകതയും ഇത്തവണത്തെ നടപടിക്കുണ്ട്. പെൻഷൻ വിതരണത്തിൽ സമീപഭാവിയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നതിനാൽ മസ്റ്ററിങ്ങിന് കൂടുതൽ പ്രാധാന്യമുണ്ട്. ഇത്തവണ പെൻഷൻ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന നടപടികൾ കർശനമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് നടത്തേണ്ടത്. ബയോമെട്രിക് പരിശോധനയിലൂടെയാണ് മസ്റ്ററിങ് പൂർത്തിയാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ക്യാമ്പുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. മസ്റ്ററിങ്ങിനായി പെൻഷൻ ഗുണഭോക്താക്കൾ ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവ കൈയിൽ കരുതണം.
അതേസമയം, മസ്റ്ററിങ് നടത്താൻ കഴിയുന്നില്ലെന്ന പരാതിയും നിരവധി പേരിൽനിന്ന് ഉയരുന്നുണ്ട്. മസ്റ്ററിങ് പരാജയപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് പ്രശ്നം പരിഹരിക്കാം. വിരലടയാളം പതിയാത്തത്, ആധാർ പുതുക്കാത്തത് തുടങ്ങിയ കാരണങ്ങളാലും മസ്റ്ററിങ് പരാജയപ്പെടാം. കിടപ്പിലായ രോഗികൾക്കും സ്വയം നടന്നുപോകാൻ കഴിയാത്തവർക്കും അക്ഷയ കേന്ദ്രങ്ങളിൽ എത്തേണ്ടതില്ല. ഇവരുടെ വീടുകളിലെത്തി അക്ഷയ ജീവനക്കാർ മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
