Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ മാധ്യമവേട്ടയില്ല, മാധ്യമസ്വാതന്ത്ര്യം സർക്കാർ സംരക്ഷിക്കും; റിപ്പോർട്ടർ ഓഫീസ് പരിശോധനയിൽ വീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ മാധ്യമവേട്ട നടക്കുന്നുവെന്ന പ്രചാരണങ്ങൾ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ടെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് സർക്കാറിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

റിപ്പോർട്ടർ ചാനൽ ഓഫീസിൽ നടന്ന പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.റിപ്പോർട്ടർ ചാനലിൽ നടന്ന പരിശോധനയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അവിടെയുള്ള ഒരു മാധ്യമപ്രവർത്തകനോടും പൊലീസ് മോശമായി പെരുമാറിയിട്ടില്ല.

ചാനലിന്റെ പ്രക്ഷേപണം ഒരു സെക്കൻഡ് പോലും നിർത്തിവെച്ചിട്ടില്ല. ഒരു മാധ്യമപ്രവർത്തകനെയും ആക്രമിക്കുകയോ മാധ്യമസ്ഥാപനത്തെ കരിവാരിത്തേക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. പരിശോധന പൂർണ്ണമായും വീഡിയോഗ്രാഫ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

“കേരളത്തിലുള്ളതുപോലെ മാധ്യമസ്വാതന്ത്ര്യം വേറെവിടെയുമില്ല. മാധ്യമപ്രവർത്തനത്തിന് വിഘാതമാകുന്ന ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. ആരും പേടിക്കേണ്ടതില്ല, പൂർണ്ണ സ്വാതന്ത്ര്യത്തോടെ മാധ്യമങ്ങൾക്ക് ഇവിടെ പ്രവർത്തിക്കാം.
കഴിഞ്ഞകാല അനുഭവങ്ങൾ വെച്ചായിരിക്കും ചിലരൊക്കെ ഇപ്പോൾ ഇതിനെ ‘മാധ്യമവേട്ട’ എന്ന് വിളിക്കുന്നത്,” രമേശ് ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി മാധ്യമവേട്ട ആരോപണങ്ങൾക്ക് മറുപടി നൽകിയത്. മംഗളം ചാനൽ എം.ഡി അജിത് കുമാറിനെ കൈവിലങ്ങണിയിച്ച് അറസ്റ്റ് ചെയ്യുകയും 70 ദിവസത്തോളം ജയിലിലടക്കുകയും ചെയ്ത കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

ഏഷ്യാനെറ്റിലെ പത്രപ്രവർത്തകർക്കെതിരെ കേസുകളും റെയ്ഡുകളും അറസ്റ്റുമുണ്ടായി. മറുനാടൻ മലയാളി, സിന്ധു സൂര്യാകുമാർ തുടങ്ങിയവർക്കെതിരെ കേസെടുത്ത സംഭവങ്ങളുമുണ്ടായി. അന്നൊന്നും ഇവിടെ അടിയന്തരാവസ്ഥയാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ എന്നും ആഭ്യന്തരമന്ത്രി ചോദിച്ചു.സ്വന്തം ഭരണകാലത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് ചിലർ ഇപ്പോഴത്തെ സാധാരണ പൊലീസ് നടപടിയെ മാധ്യമവേട്ടയെന്ന് ദുർവ്യാഖ്യാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version