Site icon Fourteen Kerala – 14 Kerala News

പൊള്ളുന്ന ചൂടിനിടയിൽ ആശ്വാസ മഴയെത്തുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കൊല്ലം: സംസ്ഥാനത്ത് തുടരുന്ന ഉയർന്ന ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാലു ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് അലേർട്ട് ഉള്ളത്. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നിലവിലുള്ളത്. അതേസമയം, ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.
ചൂട് കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Exit mobile version