കോഴിക്കോട് : യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടിക്കടുത്തെ തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്തിനെയാണ് പറവൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് വഴങ്ങിയില്ലെങ്കിലും ഒടുവിൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പോലീസ് കാണിച്ചതോടെ വഴങ്ങുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോഴുള്ള ബഹളവും പിന്നീട് പോലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പോലീസിനെ ഭീഷണിപ്പെടുത്തുന്നതും രമ്യ ഷിംജിത്ത് തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് ഇവരുടെ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയുമായി പോലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന ഭാഷയിൽ രമ്യ ഷിംജിത്ത് യൂട്യൂബ് ലൈവിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ സംസാരിക്കുന്ന നിരവധി വീഡിയോകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ലൈവ് വീഡിയോയിൽ മദ്യം കുടിച്ചുകൊണ്ടാണ് സംസാരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ഇരകളായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അടുത്തിടെ തൊട്ടിൽപ്പാലത്ത് എത്തി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
