Site icon Fourteen Kerala – 14 Kerala News

ഫോണിൽ നെറ്റ്‌വർക്ക് കിട്ടിയില്ല; പ്രകോപിതയായ യുവതി ഫോൺ അടിച്ചുതകർത്ത് കീടനാശിനി കഴിച്ച് ജീവനൊടുക്കി


റായ്പുർ: മൊബൈൽ ഇന്റർനെറ്റ് നിരന്തരം തടസ്സപ്പെട്ടതിനെ തുടർന്ന് കീടനാശിനി കഴിച്ച് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. മംഗ്ലോ ഭായ് എന്ന സ്ത്രീയാണ് മരിച്ചത്. ഫോണിൽ റീൽസ് കണ്ടുകൊണ്ട് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തുടർച്ചയായി നെറ്റ്‍വർക്ക് തടസ്സപ്പെട്ടത് ഇവരെ പ്രകോപിതയാക്കി.

തുടർന്ന് മംഗ്ലോ ഭായ് തന്റെ ഫോൺ നിലത്തിടിച്ച് പൊട്ടിച്ച ശേഷം മുറിയിൽ കയറി വാതിൽ പൂട്ടി കീടനാശിനി കഴിക്കുകയായിരുന്നു. ഇതോടെ നില വഷളായി അവർ ഛർദിക്കാൻ തുടങ്ങി. രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ പരിശോധിച്ചപ്പോഴാണ് മുറിയിൽ കീടനാശിനി കണ്ടെത്തിയത്.

തുടർന്ന് സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ അടിയന്തര സേവനങ്ങളെ വിളിച്ചതായി ഭർത്താവ് പ്രേംലാൽ സാരഥി പറഞ്ഞു. ഇതിനിടെ ഛർദിക്കുന്നതിനായി ഭർത്താവ് ചാണകവെള്ളം കലക്കി നൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗ്ലോ ഭായിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും മരണകാരണങ്ങളും അന്വേഷിച്ചു വരികയുമാണ്.

Exit mobile version