തിരുവനന്തപുരം: ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്ക് കടന്ന സാഹചര്യത്തിൽ മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ തുടരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ആവശ്യപ്പെട്ടു.
കേരള പത്രപ്രവർത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തിലാണ് സമരം തുടരുന്നതെന്ന് യൂണിയൻ അറിയിച്ചു.ഉത്രാടത്തലേന്ന് തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ പോലും മാനേജ്മെന്റ് നിഷേധാത്മക സമീപനം തുടർന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിന് നിർബന്ധിതരായതെന്ന് കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി. തൊഴിൽ മന്ത്രിയുടെ നിർദ്ദേശത്തോട് പോലും മാനേജ്മെന്റ് ധിക്കാരപരമായി പ്രതികരിച്ചുവെന്നാണ് യൂണിയന്റെ ആരോപണം.
ഈ സാഹചര്യത്തിൽ മാനേജ്മെന്റിന്റെ നേരത്തെ മാറ്റിവെച്ച ശമ്പള വിഹിതം ഉൾപ്പെടെ വലിയ തുക കുടിശ്ശികയായി നിൽക്കുകയാണെന്നും കെ.യു.ഡബ്ല്യു.ജെ ആരോപ നിലപാട് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും കർശന ഇടപെടൽ ആവശ്യമാണെന്നും യൂണിയൻ പറഞ്ഞു.
വർഷങ്ങളായി ശമ്പള വിതരണം അനിശ്ചിതത്വത്തിലായ മാധ്യമത്തിൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നേരത്തെ മാറ്റിവെച്ച ശമ്പള വിഹിതം ഉൾപ്പെടെ വലിയ തുക കുടിശ്ശികയായി നിൽക്കുകയാണെന്നും കെ.യു.ഡബ്ല്യു.ജെ ആരോപിച്ചു. ഇതിനുപുറമേ വീണ്ടും എട്ട് മാസത്തെ ശമ്പളം കുടിശ്ശികയായിരിക്കുകയാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.
നിർബന്ധിത കരാർവത്കരണത്തിനും നിർബന്ധിത രാജിക്കും മാനേജ്മെന്റ് ആസൂത്രിത തന്ത്രങ്ങൾ ഒരുക്കുന്നതായും യൂണിയൻ ആരോപിച്ചു. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് കൃത്യമായി ശമ്പളം നൽകിക്കൊണ്ടാണ് മറ്റുള്ളവരുടെ ശമ്പളം തടഞ്ഞുവെക്കുന്നതെന്നാണ് കെ.യു.ഡബ്ല്യു.ജെയുടെ ആരോപണം.
ശമ്പളം ലഭിക്കാതെ തൊഴിലാളികൾ രാജിവെച്ചുപോകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ് പ്രവർത്തിക്കുന്നതെന്നും യൂണിയൻ പറഞ്ഞു.ഭീഷണികൾക്കും സമ്മർദങ്ങൾക്കും വിധേയമായി ഇരുനൂറോളം പേർ രാജിവെച്ചൊഴിഞ്ഞതായും ജീവനക്കാർക്കെതിരെ വിവിധ പകപോക്കൽ നടപടികൾ തുടരുന്നതായും കെ.യു.ഡബ്ല്യു.ജെ ആരോപിച്ചു.സെപ്റ്റംബർ മൂന്നിന് ആരംഭിച്ച സമരം ദിവസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെന്റ് കടുംപിടിത്തം തുടരുകയാണെന്നും സർക്കാർ ഭാഗത്തുനിന്ന് മന്ത്രിതല ചർച്ചയ്ക്ക് ശേഷം കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും യൂണിയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിക്കണമെന്നും പണിയെടുത്തതിന് കൂലി നൽകണമെന്ന രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിച്ച് പ്രവർത്തിക്കാൻ മാനേജ്മെന്റിന് കർശന നിർദേശം നൽകണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. മാനേജ്മെന്റ് വഴങ്ങുന്നില്ലെങ്കിൽ അടിയന്തര നിയമനടപടികൾക്കും സർക്കാർ മുന്നോട്ടുവരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
