കോഴിക്കോട് : നഗരത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിലെ കഫേകളിൽ ലീഗൽ മെട്രോളജിയും സിവിൽസപ്ലൈസും ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധന നടത്തി. ഒരിടത്ത് വിലവിവരപ്പട്ടിക കൃത്യമായിരുന്നില്ല. നിശ്ചിത താപനിലയിലല്ലാതെ സൂക്ഷിച്ച ജ്യൂസ്, തുറന്നുവെച്ചിരിക്കുന്ന ചിപ്‌സ് എന്നിവ കണ്ടതിനാൽ ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നൽകി. മൾട്ടിപ്ലക്സുകളിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബിന്റെയും ലീഗൽ മെട്രോളജികൺട്രോളറുടെയും നിർദേശപ്രകാരമായിരുന്നു പരിശോധന. തിങ്കളാഴ്ച നഗരത്തിലെ രണ്ട് മൾട്ടിപ്ലക്സുകളിലായിരുന്നു പരിശോധന. നിശ്ചിത താപനിലയിലല്ലാതെ സൂക്ഷിച്ച പഴച്ചാറിന് പുറമേ തീയതി രേഖപ്പെടുത്താതെ സൂക്ഷിച്ച ചിപ്‌സും കണ്ടെത്തി. 12 ജീവനക്കാരിൽ നാലുപേർക്കേ ഹെൽത്ത് കാർഡുണ്ടായിരുന്നുള്ളൂ. ഭക്ഷ്യവസ്തുക്കളുടെ അളവ്, തൂക്കം പരിശോധിച്ചതിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല.
വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും സിനിമ കാണാനെത്തുന്നവർക്ക് സൗജന്യമായി കുടിവെള്ളംനൽകാനും സിവിൽ സപ്ലൈസ് അധികൃതർ നിർദേശം നൽകി. കൊക്കകോളയ്ക്ക് 400 മില്ലിക്ക് 360 രൂപ ഈടാക്കിയതായി കണ്ടെത്തി. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ കെ.കെ. നാസർ, ബിനു ബാലക്, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എം.എം. പ്രജുല, താലൂക്ക് സപ്ലൈ ഓഫീസർ പി.കെ. സുമേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ എസ്. ലസിക, പി. രാജിത തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
തിയേറ്ററുകളിൽ ടിക്കറ്റുനിരക്കിനെക്കാൾ കൂടുതലാണ് പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക്. സാധാരണ തിയേറ്റർ മാത്രമാണെങ്കിൽ 50 രൂപമുതൽ പാനീയവും 60 രൂപമുതൽ പോപ്‌കോണും ലഭിക്കും. 200 രൂപ മുതൽ 490 രൂപ വരെ ടിക്കറ്റുനിരക്കുണ്ട് പല തിയേറ്ററുകളിലും. മാളിലെ തിയേറ്ററുകളിൽ പലയിടത്തും 240 രൂപ മുതലാണ് പോപ്‌കോൺ വില. അത് അളവിനും വ്യത്യസ്തതയ്ക്കുമൊപ്പം 400 രൂപ വരെയൊക്കെയാവും. എന്തിനു പറയുന്നു ഒരു സുലൈമാനിക്കുണ്ട് 100 രൂപ. ചില തിയേറ്ററുകളിലേക്ക് വെള്ളംപോലും കൊണ്ടുപോകാൻ പറ്റില്ല. ചുരുക്കിപ്പറഞ്ഞാൽ സിനിമ കാണാൻ 200 രൂപ മതിയെങ്കിലും ഒരു കട്ടനും പോപ്‌കോണും കഴിക്കണമെങ്കിൽ 350 രൂപ ചെലവാകും. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾതന്നെ ഭക്ഷണവസ്തുക്കളും പാനീയങ്ങളുമെല്ലാം ഓർഡർ ചെയ്യാൻപറ്റും. അവധിദിവസത്തിനും സീസണുമൊക്കെ അനുസരിച്ച് വില മാറും. വെള്ളിമുതൽ ഞായർ വരെ 20 രൂപ കൂട്ടിയാണ് വിൽപ്പന.
