കോഴിക്കോട്: സംസ്ഥാനത്ത് ആശ്വാസമായി വരുന്ന ദിവസങ്ങളിൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മഴ കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും, ശനിയാഴ്ച ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് ബാധകമായിരിക്കും.
അതേസമയം, കേരളത്തിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് മഴയുടെ വരവ് ആശ്വാസമാകുന്നത്.
