Site icon Fourteen Kerala – 14 Kerala News

സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന്, മുഹമ്മദ് റിയാസിനെതിരെയും കൈക്കൂലി ആരോപണം – ഇഡിയുടെ കത്തിൽ ഗുരുതര പരാമര്‍ശം

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര പരാമര്‍ശം. പിണറായി വിജയന്‍ മകള്‍ വീണ ടി വഴി 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കത്തില്‍ പരാമർശിക്കുന്നു.

പിണറായി വിജയന് പുറമെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്, എക്‌സാലോജിക് എം ഡി വീണ എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ കത്തിലുണ്ട്.

മുഹമ്മദ് റിയാസ് കൈക്കൂലി പണം വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്.
ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു.

ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണ ടിയെയും മുഹമ്മദ് റിയാസ് എന്നിവരെയും സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയന്‍, വീണ ടി, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി ഡിജിപിക്ക് കത്തയച്ചത്. ഇക്കാര്യങ്ങൾ പറയുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.സെക്ഷന്‍ 66/2 പ്രകാരമാണ് ഇ ഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. കത്ത് ലഭിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്. ഇ ഡിയുടെ കത്തില്‍ നിയമപരിശോധനയ്ക്ക് ഒരുങ്ങുകയാണ് ഡിജിപി. അതിന് ശേഷമാകും തുടർ നടപടികൾ സംബന്ധിച്ച തീരുമാനമുണ്ടാകുക.

നേരത്തെ കേസില്‍ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്റേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വീണ വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇ ഡി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.എന്നാല്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ ഇ ഡി നീക്കം അസാധാരണമെന്നായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്. എന്നാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഇ ഡി റിപ്പോര്‍ട്ട്.

Exit mobile version