Site icon Fourteen Kerala – 14 Kerala News

പൊന്നാനി തീരത്തിന് കടലാക്രമണത്തിൽനിന്ന് ശാശ്വത പരിഹാരം; 525 കോടി രൂപയുടെ ടെട്രാപോഡ് പദ്ധതി നടപ്പാക്കും

പൊന്നാനി: തുടർച്ചയായ കടലാക്രമണത്തിൽനിന്ന് പൊന്നാനി തീരത്തെ സംരക്ഷിക്കുന്നതിനായി ടെട്രാപോഡ് പദ്ധതി നടപ്പാക്കാൻ തീരുമാനം. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ കടലാക്രമണ സാധ്യത കൂടുതലുള്ള പത്ത് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ പൊന്നാനി തീരത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി.

ചെല്ലാനത്ത് വിജയകരമായി നടപ്പാക്കിയ ടെട്രാപോഡ് പദ്ധതിയുടെ മാതൃകയിലാണ് പൊന്നാനിയിലും പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി അഴിമുഖം മുതൽ പെരുമ്പടപ്പിലെ പാലപ്പെട്ടി വരെയുള്ള ഏകദേശം പതിനൊന്നര കിലോമീറ്റർ തീരപ്രദേശത്താണ് പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനവും നടത്തിവരികയാണ്. പദ്ധതി തീരദേശ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് വിലയിരുത്തുന്നതിനൊപ്പം തീരദേശവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചായിരിക്കും പദ്ധതി അന്തിമമാക്കുക. ഇതിന്റെ ഭാഗമായി അൾട്രാടെക് എൻവയൺമെന്റ് കമ്പനിയുടെ പ്രതിനിധികൾ പൊന്നാനി തീരത്ത് പഠനം നടത്തി.

തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പദ്ധതിയുടെ അന്തിമ ഡിസൈൻ തയ്യാറാക്കുക. പദ്ധതിക്കായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് 525 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 70 ശതമാനം തുക എ.ഡി.ബിയും ബാക്കി 30 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുക.

ഗവൺമെന്റ് മിഷൻ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അടുത്ത ആഴ്ച പദ്ധതി പ്രദേശം സന്ദർശിക്കും. സാമൂഹികാഘാത പഠന റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പദ്ധതിയുടെ തുടർനടപടികൾ മുന്നോട്ടുപോകുക.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസിയായ എൻ.സി.സി.ആർ ആണ് സാധ്യതാപഠനം നടത്തുകയും പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കുകയും ചെയ്തത്. ആറ് മീറ്റർ ഉയരത്തിലാണ് കടൽഭിത്തി നിർമിക്കുക. തുടക്കത്തിലും അവസാനിക്കുന്ന ഭാഗത്തും 36 മീറ്റർ വീതിയിലും മറ്റ് ഭാഗങ്ങളിൽ 29 മീറ്റർ വീതിയിലുമായിരിക്കും നാല് ലെയറുകളിലായി ഭിത്തി നിർമിക്കുക.

ഓരോ കടൽക്ഷോഭത്തിലും തീരം കടലെടുക്കുന്ന സാഹചര്യം തടയുന്നതിനും തീരദേശ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Exit mobile version