ബെംഗളൂരു: നാലുമാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നാൽപ്പതുകാരിയായ വീട്ടമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കർണാടകയിലെ വജരഹള്ളിയിൽ താമസിക്കുന്ന ഉമാദേവിക്കെതിരെ ഭർത്താവ് രാമലിംഗപ്പ നൽകിയ പരാതിയിലാണ് നടപടി.
2002-ൽ വിവാഹിതരായ രാമലിംഗപ്പ-ഉമാദേവി ദമ്പതികൾക്ക് വർഷങ്ങളോളം കുട്ടികളില്ലാത്തതിനെ തുടർന്ന് ഐ.വി.എഫ് (IVF) ചികിത്സയിലൂടെയാണ് കുട്ടികൾ ജനിക്കുന്നത്. 2026 മേയ് 5-ന് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഉമാദേവി ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ആദ്യത്തെ ഒന്നരമാസം കുഞ്ഞുങ്ങളെ പരിചരിച്ചെങ്കിലും പിന്നീട് ഉമാദേവിയുടെ പെരുമാറ്റത്തിൽ അസാധാരണത്വം പ്രകടമായിരുന്നുവെന്ന് ഭർത്താവ് പറയുന്നു. തുടർന്ന് മാനസിക സമ്മർദ്ദത്തിന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ നൽകിയിരുന്നു. പ്രസവാനന്തര വിഷാദമാണ് (Postpartum Depression) ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രാമലിംഗപ്പ വീട്ടിലെത്തിയപ്പോൾ ഉമാദേവി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മുറിക്കുള്ളിൽ ഇരട്ടക്കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതാണെന്ന് പരിശോധിച്ച ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
