മാവേലിക്കര : മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മുള്ളിക്കുളങ്ങര അശ്വതിയിൽ രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെ (43) ആണു മരിച്ച നിലയിൽ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ മകൾ ആദിത്യ, അമ്മയെ വിളിച്ചെങ്കിലും കണ്ണു തുറക്കാതിരുന്നപ്പോൾ കായംകുളത്തുള്ള സഹോദരി ഐശ്വര്യയെയും മറ്റു ബന്ധുക്കളെയും വിവരമറിയിച്ചു. ചലനമറ്റ നിലയിൽ കിടന്ന രാജലക്ഷ്മിയെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
മരിച്ച നിലയിലാണു രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാജലക്ഷ്മിയുടെ ഭർത്താവ് രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്തു രാജേഷ് വീട്ടിൽ ഉണ്ടായിരുന്നില്ല.
രാജേഷ് രാജലക്ഷ്മിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നു ബന്ധുക്കൾ പറയുന്നു. ഞായർ രാത്രിയും മർദ്ദിച്ച ശേഷം ഓട്ടോറിക്ഷയുമായി പുറത്തേക്കു പോയ രാജേഷ് മൊബൈൽ ഫോൺ എടുക്കാനായി തിരിച്ചുവന്നു.വീണ്ടും പോയ ഇയാൾ തിരികെ വീട്ടിലെത്തിയില്ല. ഇളയ മകൾ ആദിത്യയോടു നമുക്കിനി ജീവിക്കേണ്ട എന്നു രാജലക്ഷ്മി സൂചിപ്പിച്ചതായും പറയുന്നു.
മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. രാജലക്ഷ്മിയുടെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു.
