കോഴിക്കോട്: സ്‌നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മിസ’ എന്ന നാടകം ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഉയര്‍ന്ന സദാചാര ആക്രമത്തില്‍ പ്രതികരിച്ച് നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിന്നു ചിലങ്ക. വിമര്‍ശനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതിനെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും ചിന്നു ചിലങ്ക പറഞ്ഞു. നാടകത്തിലൂടെ കൃത്യമായ രാഷ്ട്രീയമാണ് പറഞ്ഞത്. ആര്‍ക്കാണോ കൊള്ളേണ്ടത് അവര്‍ക്ക് കൊണ്ടുവെന്നും ചിന്നു ചിലങ്ക പറഞ്ഞു.
നാടകം മുന്‍പ് എട്ട് വേദികളില്‍ അവതരിപ്പിച്ചിരുന്നു. കര്‍ഷക സംഘത്തിന്റെ പരിപാടിയിലും ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളന വേദികളിലുമാണ് നാടകം അവതരിപ്പിച്ചത്. എട്ട് വേദികളിലും അന്ന് പ്രശ്‌നമുണ്ടായില്ല. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഒന്‍പതാമത്തെ വേദിയിലാണ് അവര്‍ക്ക് സദാചാരബോധം ഉണര്‍ന്നത്.
അഭിനേതാവിന്റെ ടൂളാണ് ശരീരവും ശബ്ദവും. ശരീരവും ശബ്ദവുംവെച്ചാണ് അവര്‍ ജനങ്ങളോട് സംവദിക്കുന്നത്. കലയെ സദാചാരബോധത്തോടെ കാണുന്നത് വികലമായ ചിന്തകള്‍ മൂലമാണ്. താന്‍ പറഞ്ഞ രാഷ്ട്രീയം കൃത്യമായ ഇടങ്ങളില്‍ എത്തി എന്നതില്‍ സന്തോഷിക്കുന്നുവെന്നും ചിന്നു ചിലങ്ക പറഞ്ഞു. ശശികല അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. അതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഇതുകൊണ്ടൊന്നും തളര്‍ത്താന്‍ കഴിയില്ലെന്നും ചിന്നു ചിലങ്ക കൂട്ടിച്ചേര്‍ത്തു.
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിന് എതിരെ സദാചാര ആക്രമണം നടന്നിരുന്നു. നാടകത്തിലെ ഒരു ഭാഗം മാത്രം തെരഞ്ഞുപിടിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ മട്ടന്നൂര്‍ എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായി വി കെ സനോജ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
മുന്‍പ് കോട്ടയത്തുവെച്ച് നടന്ന സര്‍വകലാശാല കലോത്സവത്തില്‍ സ്‌നേഹലത റെഡ്ഡിയുടെ മകള്‍ നന്ദന റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു സനോജ് വിമര്‍ശനം ഉന്നയിച്ചത്. നന്ദനയെ കോട്ടയത്ത് കാല് കുത്തിക്കില്ലെന്ന് പ്രഖ്യാപനം നടത്തുകയും അതിനെ മറികടന്ന് നന്ദന പരിപാടിയില്‍ പങ്കെടുത്തതുമെല്ലാം സനോജ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അന്ന് മാളത്തില്‍ ഒളിച്ച കോണ്‍ഗ്രസ് പിന്‍ തലമുറയ്ക്ക് ഇന്നും മിസയെന്നും അടിയന്തരാവസ്ഥയെന്നും സ്‌നേഹലത റെഡ്ഡിെന്നും കേള്‍ക്കുമ്പോള്‍ അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് സനോജ് പറഞ്ഞു.
ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ പ്രദര്‍ശന വേദിയില്‍ അവതരിപ്പിക്കപ്പെട്ട’ മിസ’ എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിന്‍തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതില്‍ അത്ഭുതമില്ല. കാരണം ആ നാടകം മുന്നോട്ടുവെയ്ക്കുന്നത് അത്രമേല്‍ തീഷ്ണമായ ഒരു ചരിത്രമാണെന്ന് സനോജ് പറഞ്ഞു.
കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ് സ്‌നേഹലതയുടേത്. ആ സ്‌നേഹലതയുടെ കഥയാണ് മിസ എന്ന നാടകം പറയുന്നത്. കരിമ്പിന്‍ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളില്‍ നിന്ന് ആരംഭിച്ച് ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്.
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്‌നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന ‘മിസ’ മുന്നോട്ട് വെയ്ക്കുന്നത്. അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവര്‍, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഡനങ്ങളെയാണ്. കോഴിക്കോട് ചിലങ്ക ഫ്‌ലോട്ടിംഗ് തിയേറ്റര്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകം ആ സന്ദര്‍ഭത്തില്‍ ഒന്നും എവിടെയും ചര്‍ച്ചയായി കണ്ടില്ല. കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും സനോജ് പറഞ്ഞു.
