കൊച്ചി: മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസിൽ എം. ഗീതാനന്ദന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ശിക്ഷാവിവിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. ബിനു, രമേശൻ, അനനിൽകുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
46,000 രൂപ വീതം പിഴത്തുക കെട്ടിവെക്കണമെന്നും, ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ആൾജാമ്യം ഹാജരാക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കൽപ്പറ്റ സെഷൻസ് കോടതി ഈ കേസിൽ പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവാണ് വിധിച്ചിരുന്നത്.
കൽപ്പറ്റ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കാനും ശിക്ഷാവിധി മരവിപ്പിക്കാനും ആവശ്യപ്പെട്ടാണ് ഗീതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചത്. സെഷൻസ് കോടതിയിലെ വിചാരണ നിയമവിരുദ്ധമാണെന്നും കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
