Site icon Fourteen Kerala – 14 Kerala News

വന്ദേമാതരം പാടാൻ നോക്കി, ഒടുവിൽ പാട്ടുവെച്ച് ചുണ്ടനക്കി! വരികൾ കിട്ടാതെ വട്ടംകറങ്ങി കാസർകോട്ടെ ബിജെപി നേതാക്കൾ


കാസർകോട്: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാസർകോട് ബിജെപി സംഘടിപ്പിച്ച വന്ദേമാതരം ആലാപനം വിവാദത്തിലും പരിഹാസത്തിലും കലാശിച്ചു. വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിൽ, വരികൾ കൃത്യമായി പാടാൻ കഴിയാതെ പ്രവർത്തകരും നേതാക്കളും ഒടുവിൽ റെക്കോർഡ് ചെയ്ത ഗാനത്തിന് ചുണ്ടനക്കുകയാണുണ്ടായത്.

കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെയാണ് ബിജെപി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിനെതിരെ നേതാക്കൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഭൂരിഭാഗം പ്രവർത്തകർക്കും ഗാനം പൂർണ്ണമായി പാടാൻ കഴിഞ്ഞില്ല.

പല നേതാക്കളും പ്രവർത്തകരും വരികൾ എഴുതി തയ്യാറാക്കിയ കടലാസ് തുണ്ടുകളുമായാണ് എത്തിയതെങ്കിലും ആലാപനം പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല. ഇതോടെ നേരത്തെ റെക്കോർഡ് ചെയ്ത ഗാനം പ്ലേ ചെയ്യുകയും അതിനനുസരിച്ച് നേതാക്കളടക്കം ചുണ്ടനക്കുകയുമായിരുന്നു. സംഭവത്തിൽ ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

Exit mobile version