Site icon Fourteen Kerala – 14 Kerala News

കിണറ്റിൽ നിന്ന് ഉയർന്നത് മരണത്തിന്റെ പുക; മോട്ടോർ അറ്റകുറ്റപ്പണിക്കിടെ വിഷവാതകം ശ്വസിച്ച് അച്ഛനും മകനും ഉൾപ്പെടെ നാലുപേർ മരിച്ചു

പട്ന: കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് അച്ഛനും മകനും ഉൾപ്പെടെ നാലുപേർ ദാരുണമായി മരിച്ചു. ബിഹാറിലെ ദോഭി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗർ കർമൗനി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്.

കിണറിലെ മോട്ടോർ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ചമാരി മാഞ്ചി, മകൻ ദിൽചന്ദ് മാഞ്ചി, വികാസ് ചൗധരി, വിജയ് ചൗധരി എന്നിവരാണ് മരണപ്പെട്ടത്. കിണറ്റിൽ വെച്ചുതന്നെ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടിയാണ് നാലുപേരും മരണപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ബിഹാർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാനും കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Exit mobile version