കോഴിക്കോട്: ഓണം പടിവാതിൽക്കലെത്തിയിട്ടും കോഴിക്കോട് ജില്ലയിൽ ഓണം സ്പെഷ്യൽ അരിയുടെയും സൗജന്യ ഓണക്കിറ്റുകളുടെയും വിതരണം താളംതെറ്റുന്നു. സ്പെഷ്യൽ അരി എന്ന് എത്തുമെന്ന കാര്യത്തിൽ സപ്ലൈകോ ഉദ്യോഗസ്ഥർക്കും കൃത്യമായ മറുപടിയില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.പി. അഷ്റഫ് ആരോപിച്ചു.
അരി ചോദിച്ചെത്തുന്നവരോട് മറുപടി പറഞ്ഞു മടുത്ത റേഷൻ വ്യാപാരികളും കാർഡുടമകളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും പതിവായിരിക്കുകയാണ്. നാളെയും മറ്റന്നാളും അവധിയായതിനാൽ ഈ ദിവസങ്ങളിലും വിതരണം നടക്കില്ല. എന്നാൽ, ജില്ലയിലെ എഫ്.സി.ഐ ഗോഡൗണുകളിൽ അരി സ്റ്റോക്കില്ലാത്തതാണ് വിതരണം വൈകാൻ കാരണമെന്ന് ജില്ലാ റേഷനിങ് ഓഫീസ് അറിയിച്ചു.
നിലവിൽ ഗോഡൗണുകളിൽ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും അടുത്ത പ്രവൃത്തിദിനം തന്നെ വിതരണം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മഞ്ഞക്കാർഡുകൾക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണവും പ്രതിസന്ധിയിലാണ്. ജില്ലയിലെ 38,417 മഞ്ഞക്കാർഡുകൾക്കും സാമൂഹികക്ഷേമ വകുപ്പിന് കീഴിലുള്ള അന്തേവാസികൾക്ക് നാലുപേർക്ക് ഒരു കിറ്റ് വീതവുമാണ് അനുവദിച്ചിട്ടുള്ളത്.
കിറ്റ് തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ സപ്ലൈക്കോയിൽ എത്താതതാണ് പാക്കിങിന് തടസ്സമായിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു പല ജില്ലകളിലും കിറ്റ് വിതരണം മുടങ്ങിയിട്ടുണ്ട്. ഈ മാസം അഞ്ചുമുതൽ കിറ്റുകൾ റേഷൻ കടകളിൽ എത്തിക്കണമെന്നും പത്താം തീയതി മുതൽ വിതരണം തുടങ്ങണമെന്നുമായിരുന്നു സർക്കാർ നിർദേശം. അരി, പയർ, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ശർക്കര, ശബരി തേയില തുടങ്ങി 16 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
