Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ കോർട്ടേഴ്‌സിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊ.നിഖിൽ ചന്ദ്രനെയാണ് കോർട്ടേഴ്‌സിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

കഴിഞ്ഞ മൂന്നു വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോ കെമിസ്ട്രി വിഭാഗത്തിൽ പ്രൊഫസറായി ജോലിചെയ്യുകയായിരുന്നു നിഖിൽ. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെയാണ് സുഹൃത്തുക്കൾ അന്വേഷിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ നിഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരം ലഭിച്ചയുടൻ മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരൂ എന്നാണ് പൊലീസ് അറിയിച്ചത്. സംഭവം കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version