തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിനെ കായികമന്ത്രി ഒ.ജെ. ജനീഷ് രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നമെന്നും, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പാലിക്കേണ്ട ജാഗ്രത പാലിക്കപ്പെട്ടിരുന്നോ എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
“എങ്ങനെയാണ് ഒരു സ്വകാര്യ ഈവന്റ് മാനേജ്മെന്റിനെ തിരഞ്ഞെടുത്തത്? എങ്ങനെയാണ് സര്‍ക്കാര്‍ അവരെ ചുമതലപ്പെടുത്തിയത്?” എന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. കരാര്‍ ഉണ്ടെന്ന് പറഞ്ഞിട്ടു മാത്രം കാര്യമില്ലെന്നും, പല രേഖകളും സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും ജനീഷ് വ്യക്തമാക്കി. കായിക വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. “പരിപൂര്‍ണ ബോധ്യമില്ലാത്ത സ്വകാര്യ കരാറിനുവേണ്ടി സര്‍ക്കാര്‍ നിന്നുകൊടുത്തു.
അത്തരം കാര്യങ്ങളില്‍ വിശദമായ പരിശോധന വേണം. അതാണ് ഇപ്പോള്‍ നടക്കുന്നത്” എന്ന് മന്ത്രി പറഞ്ഞു. പണം കൊടുത്തോ ഇല്ലയോ എന്നതു മാത്രമല്ല പ്രശ്നമെന്നും, ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അവ തുടക്കം മുതലേ പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തില്‍ ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടെന്നും, ഫയലുകള്‍ കാണുന്നില്ലെന്നും, ഇതു സംബന്ധിച്ച് ഉണ്ടാക്കിയ കരാറും കണ്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. “ഇതെല്ലാം മന്ത്രി മാത്രം കണ്ടാല്‍ പോരാ, വകുപ്പിലും ഫയല്‍ ഉണ്ടാകണം” എന്നും ജനീഷ് പറഞ്ഞു.
അതേസമയം, മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പിനെക്കുറിച്ചുള്ള കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരിച്ചു. മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും, ചട്ടവിരുദ്ധമായാണ് സ്പോണ്‍സറെ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരിന് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
