Site icon Fourteen Kerala – 14 Kerala News

പട്ടാമ്പിയിൽ പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു; കൃഷിയിടം ഉടമ കസ്റ്റഡിയിൽ

പാലക്കാട്: പട്ടാമ്പി കുലുക്കല്ലൂരിൽ കാട്ടുപന്നിയെ പിടികൂടാൻ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത കെണിയിൽ തട്ടി യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പ്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. കുലുക്കല്ലൂർ തത്തനംപുള്ളിയിലെ കൃഷിയിടത്തിലാണ് സംഭവം.

രാവിലെ കൃഷിയിടത്തിന്റെ ഉടമ സ്ഥലത്ത് എത്തിയപ്പോഴാണ് രവിപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൃഷിയിടത്തിന്റെ ഉടമയായ മനോജിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൃഷിയിടങ്ങളിലെ വന്യമൃഗശല്യം തടയാൻ അനധികൃതമായി സ്ഥാപിക്കുന്ന ഇത്തരം വൈദ്യുത കെണികൾ പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് കാരണമാകാറുണ്ട്. ഈ സംഭവവും വലിയ ഞെട്ടലാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്.

വിവരമറിഞ്ഞ് പൊലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Exit mobile version