അട്ടപ്പാടി: തമിഴ്‌നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ദാരുണ സംഭവം. തമിഴ്‌നാട് സ്വദേശികളായ രാജ് കണ്ണൻ, ഭോജൻ, രാധിക എന്നിവരാണ് മരിച്ചത്. മരണവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പാറയിൽ ഇടിച്ചാണ് താഴ്ചയിലേക്ക് പതിച്ചത്. അപകട വിവരം ലഭിച്ചയുടൻ കേരള പൊലീസും തമിഴ്‌നാട് പൊലീസും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
അട്ടപ്പാടി – മുള്ളി മേഖലയിലെ വളവുകളും കയറ്റങ്ങളും നിറഞ്ഞ റോഡിലാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
