മുംബൈ: ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ ക്രൂരമായി മർദിക്കുകയും ബെൽറ്റൂരി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മുഹമ്മദ് റിസ്വാൻ അൻസാരി (36) എന്നയാളെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ട്രെയിനിലെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ മുംബൈ ഹാർബർ ലൈൻ പാതയിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ട്രെയിനിലെ സീറ്റിനെച്ചൊല്ലി പ്രതിയും സ്ത്രീയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തർക്കം മൂത്തതോടെ യുവാവ് സ്ത്രീയെ കൈകൊണ്ട് മർദിച്ചു. ഇതിന് ശേഷവും പ്രകോപനം അടങ്ങാത്ത ഇയാൾ താൻ ധരിച്ചിരുന്ന ബെൽറ്റ് ഊരിയെടുത്ത് സ്ത്രീയെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
യുവതിക്ക് നേരെ അതിക്രമം നടക്കുമ്പോഴും ഇതേ കോച്ചിലുണ്ടായിരുന്ന സഹയാത്രക്കാർ ആരും തന്നെ പ്രതിയെ തടയാനോ സ്ത്രീയുടെ രക്ഷയ്‌ക്കെത്താനോ തയ്യാറായില്ലെന്നത് വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ, കോച്ചിലുണ്ടായിരുന്ന മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഒടുവിൽ പ്രതിക്ക് വിനയായത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ വലയിലാക്കുകയുമായിരുന്നു.
