കൊയിലാണ്ടി: പഴയ ചിത്ര ടാക്കീസിന് സമീപമുള്ള ആക്രിക്കടയിലുണ്ടായ വാക്കുതർക്കത്തിനിടെ കടയുടമയ്ക്ക് കുത്തേറ്റു. തിരുനെൽവേലി സ്വദേശി മുത്തുകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.
ഇന്നലെ വൈകീട്ടോടെ ഒരു സംഘം ആളുകൾ ഈ ആക്രിക്കടയിൽ പഴയൊരു സ്കൂട്ടർ വിൽപന നടത്തിയിരുന്നു. എന്നാൽ നൽകിയ തുക തികഞ്ഞില്ലെന്ന് ആരോപിച്ച് രാത്രിയോടെ ഇവർ വീണ്ടും കടയിലെത്തുകയായിരുന്നു. ഈ സമയത്ത് സ്കൂട്ടർ പകുതിയോളം പൊളിച്ചിരുന്നു. തുടർന്ന് കടക്കാരനുമായി ഉണ്ടായ വാക്കുതർക്കം പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
കടയിലെത്തിയ സംഘത്തിലെ ഒരാൾ കത്തിയെടുത്ത് മുത്തുകുമാറിനെ കുത്തുകയായിരുന്നു. ഈ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കടയിലുണ്ടായിരുന്ന തിരൂർ സ്വദേശി മണികണ്ഠൻ, ശരവണൻ എന്നിവർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
