Site icon Fourteen Kerala – 14 Kerala News

ദുരിതാശ്വാസ വാഹനത്തിന് പിഴ ചുമത്തിയ എം.വി.ഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി. സംഭവത്തിൽ അടൂർ എം.വി.ഡി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെ സസ്പെൻഡ് ചെയ്തു. ആറന്മുള എം.എൽ.എ അബിൻ വർക്കി നേരിട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് വകുപ്പിന്റെ നടപടി.

കഴിഞ്ഞ ദിവസം ആറന്മുള മേഖലയിലെ പ്രളയ ബാധിതരെ സഹായിക്കാൻ എത്തിയ ഓഫ് റോഡ് ജീപ്പിനാണ് എം.വി.ഡി പിഴ ചുമത്തിയത്. വാഹനത്തിന്റെ മുന്നിലെ ആഡംബര ലൈറ്റുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 5200 രൂപയാണ് പിഴ ഈടാക്കിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമയ്ക്കെതിരെയായിരുന്നു കേസ്.

എന്നാൽ വാഹനം ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് പോകുന്നതിനിടെയല്ല, അടൂരിൽ വെച്ചാണ് പരിശോധന നടത്തി പിഴ ചുമത്തിയതെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രളയക്കെടുതിയിൽ പെട്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ വാഹനം കൊണ്ടുവന്നതെന്ന് ആറന്മുള എം.എൽ.എ ഓഫീസ് വ്യക്തമാക്കി.

പിഴ ചുമത്തിയ വിവരം അറിഞ്ഞ ഉടൻ ആറന്മുള എം.എൽ.എ അബിൻ വർക്കി ഗതാഗത മന്ത്രിയെ വിളിച്ച് വിഷയം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന രീതിയിലുള്ള നടപടിയാണിതെന്ന് എം.എൽ.എ പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും അടൂർ സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.എം.എൽ.എയുടെ നിർദ്ദേശപ്രകാരം പിഴത്തുക യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അടച്ചത്. “പ്രളയ സമയത്ത് ജനങ്ങളെ രക്ഷിക്കാൻ പോകുന്ന വാഹനങ്ങൾക്ക് പോലും ഇത്തരത്തിൽ പിഴ ചുമത്തുന്നത് ശരിയല്ല. നിയമം എല്ലാവർക്കും ബാധകമാണെങ്കിലും മാനുഷിക പരിഗണന കൂടി വേണമായിരുന്നു” എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതികരണം.

ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് എം.വി.ഡി വകുപ്പ് അടിയന്തര നടപടി എടുത്തത്. ദുരന്ത സമയങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version