കോഴിക്കോട്: വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി നൗഷാദ്, തച്ചൻപൊയിൽ സ്വദേശി ഗിരിജ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 28-ന് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സൂര്യ ഫൈനാൻസ് സ്ഥാപനത്തിലാണ് സംഭവം നടന്നത്.
സ്വർണവളകൾ പണയം വെക്കാനായി ഗിരിജ ഇവിടെയെത്തിയെങ്കിലും പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ സ്വർണം പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് വ്യക്തമായത്. വിവരം പുറത്തറിഞ്ഞതോടെ യുവതി ഉടൻ തന്നെ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗിരിജയ്ക്ക് പണയം വെക്കാനായി വ്യാജ സ്വർണം നൽകിയത് നൗഷാാദ് ആണെന്ന് പൊലീസ് കണ്ടെത്തിയത്. മലബാർ ഗോൾഡ് ഉദ്യോഗസ്ഥർ നടത്തിയ വിദഗ്ധ പരിശോധനയിൽ, വളകളിൽ മലബാർ ഗോൾഡിന്റെ വ്യാജ ലോഗോയും BIS ഹാൾമാർക്ക് മുദ്രയും പതിച്ചതായി കണ്ടെത്തി.
മാത്രമല്ല, തലേദിവസം കോഴിക്കോട് വിറ്റ യഥാർത്ഥ ആഭരണത്തിന്റെ അതേ സീരിയൽ നമ്പർ തന്നെയാണ് വ്യാജ വളകളിലും രേഖപ്പെടുത്തിയിരുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രിയാണ് പ്രതികളെ പിടികൂടിയത്. സമാനമായ മറ്റ് തട്ടിപ്പുകളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
