Site icon Fourteen Kerala – 14 Kerala News

16-കാരിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരപീഡനം; ഭക്ഷണ ഓർഡറിലൂടെ തുമ്പുണ്ടാക്കി പ്രതിയെ പിടിച്ച് പോലീസ്

ന്യൂഡൽഹി: നാഗ്പുരിൽ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസത്തോളം ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇരുപതുകാരൻ പിടിയിൽ. മുംബൈ താണെ സ്വദേശിയും നാഗ്പുരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുന്നതുമായ ആകാശ് മാധവ് പഖ്‌റെയാണ് പോലീസിന്റെ പിടിയിലായത്.

നാഗ്പുരിലെ സർക്കാർ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളായ പതിനാറുകാരിയാണ് അതിക്രമത്തിനിരയായത്. ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയാണ് പെൺകുട്ടി പ്രതിയായ ആകാശിനെ പരിചയപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിൽ പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പോലീസിന് ആകാശുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്.പോലീസ് ആകാശിന്റെ വീട്ടുകാരെ ബന്ധപ്പെടുകയും, പോലീസ് എത്തിയതറിഞ്ഞ് ഭയന്ന ആകാശ് പെൺകുട്ടിയെക്കൊണ്ട് വീട്ടിലേക്ക് സുരക്ഷിതയാണെന്ന് വിളിപ്പിച്ച് പറയിപ്പിക്കുകയും ചെയ്തു. ഈ ഫോൺ കോളും, ഒപ്പം പ്രതി ഫ്ലാറ്റിലേക്ക് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത വിലാസവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.

ഡെലിവറി ബോയ്‌ക്കൊപ്പമാണ് പോലീസ് ആകാശിന്റെ ഫ്ലാറ്റിലെത്തിയത്. വാതിൽ തകർ അകത്തുകടന്ന പോലീസിന് മുന്നിൽ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. കട്ടിലിനോട് ചേർത്ത് കെട്ടിയിട്ട നിലയിലും നഗ്നയാക്കി മർദ്ദിച്ച് അവശയാക്കിയ നിലയിലുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ശരീരത്തിൽ ഗുരുതരമായ പരിക്കുകളും കൈത്തണ്ട മുറിഞ്ഞ നിലയിലുമുണ്ടായിരുന്നു. അല്പം കൂടി വൈകിയിരുന്നെങ്കിൽ പെൺകുട്ടിയുടെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രശ്മിത റാവു വ്യക്തമാക്കി.
പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എന്നാൽ പെൺകുട്ടി സ്വമേധയായാണ് ഫ്ലാറ്റിലെത്തിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Exit mobile version