കൊച്ചി: കേരള പോലീസിനെ പരസ്യമായി വെല്ലുവിളിച്ച് വീണ്ടും വിവാദത്തിൽ അകപ്പെട്ട് അർജുൻ ആയങ്കി. പോലീസുദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ ഊന്നുകൽ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു.
ഊന്നുകൽ സിഐക്കെതിരെ ഇൻസ്റ്റഗ്രാം സന്ദേശം വഴിയായിരുന്നു ആയങ്കിയുടെ പുതിയ വെല്ലുവിളി. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കാൻ വെല്ലുവിളിച്ച പ്രതി, ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാനായിരുന്നു തീരുമാനമെന്നും എന്നാൽ അല്ലാതെ പിടിക്കണം എന്നുണ്ടെങ്കിൽ പിടിക്കാമെന്നും സന്ദേശത്തിൽ പറയുന്നു. ഇനി ജാമ്യം എടുത്തതിനു ശേഷം മാത്രമേ വരൂ എന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഇതിനുമുമ്പ് കോതമംഗലം സിഐയെയും സമൂഹമാധ്യമങ്ങളിലൂടെ ആയങ്കി ഭീഷണിപ്പെടുത്തിയിരുന്നു. കോതമംഗലം സിഐ പ്രശാന്തിന് എതിരെയായിരുന്നു അന്ന് ആയങ്കിയുടെ പ്രകോപനപരമായ പോസ്റ്റ് പുറത്തുവന്നത്. പിന്നാലെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകുകയും, സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഐടി ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്ന കോതമംഗലം സിഐക്കെതിരെയുള്ള ഭീഷണി. കഴിഞ്ഞ മെയ് മാസത്തിൽ പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ചായിരുന്നു അർജുൻ ആയങ്കി പിടിയിലായത്.
ആയങ്കിക്കൊപ്പം കുപ്രസിദ്ധ കുറ്റവാളി മരട് അനീഷിന്റെ കൂട്ടാളികളെയും കോതമംഗലം പൊലീസ് അന്ന് പിടികൂടിയിരുന്നു. തുടർച്ചയായ നിയമലംഘനങ്ങളും പോലീസിനെതിരെയുള്ള പരസ്യ വെല്ലുവിളികളും അർജുൻ ആയങ്കിയെ വീണ്ടും കടുത്ത കുരുക്കിലാക്കിയിരിക്കുകയാണ്.
