കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.മലബാറിലെ എല്ലാ ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞുവരികയാണ്.
വീട് മാറി താമസിച്ചവർ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവർ വെള്ളക്കെട്ട് ഒഴിഞ്ഞതോടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി.കോഴിക്കോട് വെള്ളക്കെട്ട് രൂക്ഷമായിരുന്ന കണ്ണാടിക്കൽ, ചെലവൂർ, കക്കോടി, മൂഴിക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളിൽ ശുചീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.
എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നുണ്ട്. ഗതാഗതത്തിന്റെ കാര്യത്തിൽ താമരശ്ശേരി ചുരത്തിലും പാൽച്ചുരത്തിലും നിയന്ത്രണം തുടരുകയാണ്. മഴയുടെ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
കൂടാതെ, അപകടകരമായ രീതിയിലുള്ള മരച്ചില്ലകൾ വെട്ടിയൊതുക്കേണ്ടതാണ്. വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തരുത്. അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന കൺട്രോൾ റൂമിലോ വിവരമറിയിക്കണം. പത്രം, പാൽ വിതരണക്കാരും നിർമാണ തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
