Site icon Fourteen Kerala – 14 Kerala News

വളവുകൾ തിരിച്ചത് ഇരട്ടി വേഗത്തിൽ; കുറ്റിപ്പുറം ബസ് അപകടം, കാരണം അമിതവേഗതയെന്ന് എംവിഡി റിപ്പോർട്ട്

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ചു. വളവുകളിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ളിടത്ത്, അപകടത്തിൽപ്പെട്ട ബസ് ഇതിന്റെ ഇരട്ടി വേഗതയിലാണ് സഞ്ചരിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപകട സ്ഥലത്തെ തുടർച്ചയായ രണ്ട് വളവുകൾ ഇരട്ടി വേഗതയിൽ എടുക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. മഴയുള്ള സമയത്ത് അമിതവേഗത കാരണം റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെടുന്ന ‘ഹൈഡ്രോപ്ലെയിനിങ്’ (Hydroplaning) പ്രതിഭാസമുണ്ടാവുകയും ബസിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയുമായിരുന്നു.

സംഭവത്തിൽ ബസ് ഡ്രൈവറായ ചങ്ങരംകുളം സ്വദേശി ഷബീറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പോലീസ് നോട്ടീസ് നൽകി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ജൂലൈ 26-നായിരുന്നു ഒരാളുടെ മരണത്തിനും 39 പേരുടെ പരിക്കിനും ഇടയാക്കിയ ദാരുണമായ അപകടം നടന്നത്. ദേശീയപാതയിലൂടെ വന്ന് പോക്കറ്റ് റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മീഡിയനിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

Exit mobile version