ലക്ക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമായത്. സംഭവത്തിൽ 24-കാരിയായ അങ്കിതയുടെ പിതാവ് വിമൽ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
അങ്കിത നാല് മാസം മുമ്പാണ് ഐടിബിപി ഉദ്യോഗസ്ഥനായ അമിത് പച്ചൗരിയെ വിവാഹം കഴിച്ചത്. കുടുംബത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു ഈ വിവാഹം. വിവാഹ ശേഷം ഭർത്താവ് അമിത് ജോലിസ്ഥലത്തേക്ക് മടങ്ങി. എന്നാൽ അങ്കിത സ്വന്തം വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. വിവാഹത്തെച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ വീണ്ടും വാക്കേറ്റം രൂക്ഷമായി. ഇതിനിടെ വിമൽ ശർമ്മ മകളെ മർദ്ദിച്ചു. തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവസമയത്ത് വിമൽ ശർമ്മയുടെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇവരോട് വീട്ടിൽ നിന്ന് പുറത്തുപോകാൻ ഇയാൾ ആവശ്യപ്പെട്ടു. പിന്നീട് മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് നിലവിളി കേട്ട അയൽവാസികൾ വാതിലിൽ മുട്ടി. എന്നാൽ മറുപടി ലഭിച്ചില്ല. തുടർന്ന് വീട്ടിലെ ലൈറ്റുകൾ അണഞ്ഞതോടെ സംശയം തോന്നി. അയൽവാസികൾ ഉടൻ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നു. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലും വായിൽ നിന്ന് രക്തം വാർന്ന നിലയിലുമാണ് അങ്കിതയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
മകൾ കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നും വിമൽ ശർമ്മ പോലീസിന് മൊഴി നൽകി. കേസിൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം ആഗ്രയിൽ വലിയ ഞെട്ടലുണ്ടാക്കി. ഓണർ കില്ലിംഗാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
