Site icon Fourteen Kerala – 14 Kerala News

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 12 യാത്രക്കാർക്ക് പരിക്ക്, കാബിനിൽ വിള്ളൽ

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 യാത്രക്കാർക്ക് പരിക്ക്. AI 379 വിമാനമാണ് സംഭവത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്.

വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ പരിക്കേറ്റ യാത്രക്കാരെ അടിയന്തരമായി വിമാനത്താവളത്തിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഭൂരിഭാഗം പേരെയും ഡിസ്ചാർജ് ചെയ്തു.
സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. “യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. ലാൻഡ് ചെയ്ത ഉടൻ ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കി. ബാധിതരായ യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകും.

അന്വേഷണവുമായി പൂർണമായും സഹകരിക്കും,” കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു. ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു.
പെട്ടെന്നുണ്ടായ കുലുക്കത്തിൽ പലരും സീറ്റിൽ നിന്ന് തെറിച്ചുവീണു. കാബിനുള്ളിലെ ലഗേജുകൾ താഴേക്ക് വീഴുകയും ഓവർഹെഡ് ബിന്നുകൾ തുറക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്തിന്റെ കാബിനുള്ളിൽ വിള്ളലുകൾ രൂപപ്പെട്ടതും സീറ്റുകൾ കേടായതും ദൃശ്യങ്ങളിൽ കാണാം.

വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരെയും ആകാശച്ചുഴി ബാധിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചില യാത്രക്കാർ പ്രതികരിച്ചു. മുന്നറിയിപ്പ് നൽകാതെയാണ് ആകാശച്ചുഴി ഉണ്ടായതെന്നും ക്യാബിൻ ക്രൂവിന്റെ നിർദേശങ്ങൾ മതിയായില്ലെന്നും അവർ ആരോപിച്ചു.

Exit mobile version