കോഴിക്കോട്: മഴക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക് ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ക്യാമ്പിൽ കഴിയുന്നവരാണ് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് രംഗത്തെത്തിയത്. ക്യാമ്പിൽ വന്ന് നാല് ദിവസമായിട്ടും വസ്ത്രം മാറ്റാൻ സാധിച്ചിട്ടില്ലെന്ന് ദുരിതബാധിതർ പറഞ്ഞു. വീടുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് തിടുക്കത്തിൽ ഇറങ്ങിപ്പോന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
അതിനാൽ മാറാനുള്ള വസ്ത്രങ്ങൾ പോലും കയ്യിൽ ഇല്ലാത്ത അവസ്ഥയാണ്. ക്യാമ്പിൽ വൈകിയെത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. നിശ്ചിത സമയത്ത് ഭക്ഷണം എത്തിക്കാത്തത് നിരവധി രോഗികൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ചെറിയ കുട്ടികൾക്ക് കഴിക്കാനായി ചെറുകടികൾ എത്തിക്കണമെന്നും രോഗികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും ദുരിതബാധിതർ ആവശ്യപ്പെട്ടു.
ക്യാമ്പിലെ വീഴ്ച സമ്മതിച്ച് കെ. ജയന്ത് എംഎൽഎയും രംഗത്തെത്തി. ഇന്നലെ കൂടുതൽ ആളുകൾ എത്തിയപ്പോൾ ചോറിന് നൽകുന്ന കറി കുറഞ്ഞുപോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
വസ്ത്രത്തിനുള്ള ബുദ്ധിമുട്ടും ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. “പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ചില വിഷയങ്ങൾ ആളുകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവ പരിഹരിച്ച് മുന്നോട്ടുപോകും” എന്ന് കെ. ജയന്ത് കൂട്ടിച്ചേർത്തു. പ്രൊവിഡൻസ് കോളേജ് ക്യാമ്പിൽ നിലവിൽ നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. വെള്ളക്കെട്ട് കുറയാത്തതിനാൽ ഇനിയും ആളുകൾ എത്താനുള്ള സാധ്യതയുണ്ട്.
അതിനാൽ ഭക്ഷണം, കുടിവെള്ളം, വസ്ത്രം, മരുന്ന് എന്നിവയുടെ വിതരണം സമയബന്ധിതമായി നടത്തണമെന്നാണ് ക്യാമ്പിലുള്ളവരുടെ പ്രധാന ആവശ്യം. വൃദ്ധർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും അവർ പറയുന്നു. സന്നദ്ധ സംഘടനകളും പ്രദേശവാസികളും ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ടെങ്കിലും അത് എല്ലാവർക്കും തുല്യമായി ലഭിക്കുന്നില്ലെന്നാണ് പരാതി. അധികൃതർ ഇടപെട്ട് ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
